ഇസ്രയേലിന് നേരെ നേരിട്ടുള്ള ആക്രമണത്തിന് ഇറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ടെഹ്‌റാന്‍: ഇസ്രയേലിന് നേരെ നേരിട്ടുള്ള ആക്രമണത്തിന് ഇറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിറിയയില്‍ ഇറാന്‍ എംബസി ആക്രമിച്ചതിനു തിരിച്ചടിയായി ഇസ്രയേലിന്റെ മണ്ണില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ആക്രമണം നടത്തിയേക്കാമെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണം സംബന്ധിച്ച പദ്ധതി ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി പരിഗണിച്ചുവരികയാണെന്നും ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയാണെന്നും ഇറാന്റെ ഉന്നത നേതൃത്വത്തെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ഇറാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആക്രമണം മുന്നില്‍ക്കണ്ട് ഇസ്രയേല്‍ അതീവ ജാഗ്രതയിലാണ്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസി കെട്ടിടത്തിനു നേരെ ഇസ്രയേല്‍ ഏപ്രില്‍ ഒന്നിനു നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഉന്നത ഇറാന്‍ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ഛിച്ചത്. ആക്രമണത്തിന് ഇസ്രയേലിന് ശിക്ഷ നല്‍കുമെന്ന് അയത്തുള്ള ഖൊമേനി പറഞ്ഞിരുന്നു.
ആറു മാസത്തിലധികമായി ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധം പരോക്ഷമായി ഇസ്രയേല്‍-ഇറാന്‍ ബന്ധത്തെയും ഉലച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വൈരാഗ്യം ഒരു പുതിയ ഏറ്റുമുട്ടലിലേക്ക് അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇറാന്‍ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ, ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും തങ്ങള്‍ തയ്യാറാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയുടെ യോഗം വിളിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്രയേലിലെ അമേരിക്കന്‍ എംബസി യുഎസ് സര്‍ക്കാര്‍ ജീവനക്കാരും കുടുംബാംഗങ്ങളും മധ്യ ഇസ്രയേല്‍, ജറുസലേം, ബീര്‍ഷെബ എന്നിവയ്ക്ക് പുറത്തുള്ള സ്വകാര്യ യാത്രകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇറാന്‍, ഇസ്രയേല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രലായവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിലും ഇസ്രയേലിലും താമസിക്കുന്നവര്‍ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടണമെന്നും മുന്നറിയിപ്പിലുണ്ട്