ഇറാൻ-ഇസ്രയേൽ സംഘർഷം: വിവിധ വിമാന സർവീസുകൾ റദ്ദാക്കി
അബുദാബി : ഇറാൻ ഇസ്രയേലിനെതിരെ വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് മേഖലയിലെ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികൾ ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവ തിരിച്ചുവിടുകയും ചെയ്തു. ദുബായ് വിമാനക്കമ്പനികൾ അമ്മാൻ, ടെൽ അവീവ് എന്നിവിടേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കുകയും മറ്റുള്ളവ തിരിച്ചുവിടുകയും ചെയ്തു. ജോർദാനിലെ അമ്മാനിലേക്കും ഇസ്രയേലിലെ ടെൽ അവീവിലേക്കും പുറപ്പെട്ട രണ്ട് ഫ്ലൈ ദുബായ് വിമാനങ്ങൾക്ക് ദുബായിലേക്ക് മടങ്ങേണ്ടി വന്നു. അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് ടെൽ അവീവ്, അമ്മാൻ എന്നിവിടേക്കുള്ള ചില സർവീസുകൾ റദ്ദാക്കിയതായും അറിയിച്ചു.അബുദാബിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഇവൈ593, ടെൽ അവീവിൽ നിന്ന് അബുദാബിയിലേക്കുള്ള ഇവൈ594, അബുദാബിയിൽ നിന്ന് അമ്മാനിലേക്കുള്ള ഇവൈ513, അമ്മാനിൽ നിന്ന് അബുദാബിയിലേക്കുള്ള ഇവൈ514 എന്നിവയുടെ സർവീസുകളാണ് ഇത്തിഹാദ് റദ്ദാക്കിയത്.
ഡമാസ്കസ് കോൺസുലേറ്റിന് നേരെ ഏപ്രിൽ 1 ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് റവല്യൂഷണറി ഗാർഡ് ഓഫിസർമാരെ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇറാൻ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് ഇസ്രയേൽ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലൂടെയുള്ള വ്യോമാതിർത്തി അടച്ചു.