സംസ്ഥാനത്ത് ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; മറ്റ് വഴികള്‍ നിര്‍ദേശിക്കാന്‍ കെ.എസ്.ഇ.ബിയോട് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് പ്രഖ്യാപിക്കാതെ മറ്റ് വഴികള്‍ തേടി സര്‍ക്കാര്‍. ലോഡ് ഷെഡിങല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.
പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. വൈദ്യുതി ആവശ്യകത ഇനിയും ഉയര്‍ന്നാല്‍ വിതരണം കൂടുതല്‍ തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ഇന്ന് വൈകുന്നേരം കെ.എസ്.ഇ.ബി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. യോഗത്തിനു ശേഷം പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാറിനെ അറിയിക്കും. തുടര്‍ന്ന് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെയും കാണും.