വീട്ടിൽ നെറ്റ് വർക്ക് ലഭിച്ചില്ല; എയർടെൽ ഉപഭോക്താവിന് 33,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
റാന്നി: വീട്ടിൽ മതിയായ നെറ്റ് വർക്ക് നൽകാത്തതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ 33,000 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്. വെട്ടിപ്പുറം സ്വദേശിയായ അഭിഭാഷകന്‍ റിക്കി മാമൻ പാപ്പിയുടെ പരാതിയിൽ പത്തനംതിട്ട എയര്‍ടെല്‍ മാനേജർക്കും കമ്പനിക്കുമാണ് കമീഷൻ പിഴയിട്ടത്.
2022 ഒക്ടോബർ മാസം 26-ാം തീയതി 2,999 രൂപാ കൊടുത്ത് ഹർജിക്കാരൻ തന്റെ മൊബൈൽ നമ്പരിലേക്ക് എയർടെൽ നെറ്റ് വർക്ക് കണക്ഷൻ റീചാർജ്ജ് ചെയ്തു. ഒരു ദിവസം രണ്ടു ജി.ബി അണ്‍ലിമിറ്റഡ് ഡാറ്റയും ദിവസം 100 എസ്.എം.എസും കോളും അടക്കമുള്ള പ്ലാന്‍ ഒരു വർഷ കാലയളവിലേക്കാണ് റീചാർജ് ചെയ്തത്. ഒരാഴ്‌ച കഴിഞ്ഞപ്പോൾ മുതൽ തന്നെ വീടിന്റെ ഭാഗങ്ങളിൽ നെറ്റ് വർക്ക് കണക്ഷൻ കിട്ടാത്ത അവസ്ഥയിലായി.
പലപ്പോഴും രണ്ടു പോയ്ന്‍റുകൾ മാത്രമേ മൊബൈലിൽ നെറ്റ് വർക്ക് കാണിക്കാറുള്ളു. ഈ വിവരം എയർടെലിൻ്റെ പത്തനംതിട്ട സ്റ്റോറിലെ ഉദ്യോഗസ്ഥരോടും കമ്പനിയേയും നേരിട്ടും ടെലിഫോൺ മുഖാന്തരവും അറിയിച്ചിട്ടും പൂർണ തോതിൽ നെറ്റ് വർക്ക് കണക്ഷൻ തരാൻ കഴിഞ്ഞില്ല. അഭിഭാഷകനായ തനിക്ക് രാത്രി കാലങ്ങളിൽ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് ജോലി ഉണ്ടെന്നും അതിനാണ് 2,999 രൂപാ കൊടുത്ത് ഒരു വർഷത്തേയ്ക്ക് എയർടെലിന്റെ നെറ്റ് വർക്ക് കണക്ഷനെടുത്തതെന്നും മറ്റും കമ്പനിയെ നേരിട്ടറിയിച്ചു.