ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന്‍റെ സെർവറുകൾ ചൈന ഹാക്ക് ചെയ്തതായി റിപ്പോർട്ട്

0

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന്‍റെ സെർവറുകൾ ചൈന ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സൈനികരുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ സെർവറർ കംപ്യൂട്ടറാണ് ഹാക്കിങിന് ഇരയായത് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ സായുധ സേനയിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും ഉൾപ്പെടെയുള്ള പേരുകളും ബാങ്ക് വിവരങ്ങളും അടങ്ങിയ പ്രതിരോധ മന്ത്രാലയത്തിന്‍റെ പേറോൾ സംവിധാനമാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ ഡാറ്റ നഷ്ടപ്പെട്ടതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എന്നിരുന്നാലും, ഒരു മുൻകരുതൽ നടപടിയായി, ഹാക്കിങ്ങിന് ഇരയായതായി കരുതപ്പെടുന്ന ഉദ്യോഗസ്ഥരെ അധികാരികൾ അറിയിക്കുകയും അവർക്ക് വിദഗ്ധ ഉപദേശം നൽകുകയും ചെയ്യും.

ജീവനക്കാർക്ക് അവരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു വ്യക്തിഗത ഡാറ്റ സംരക്ഷണ സേവനം വാഗ്ദാനം ഉപയോഗിക്കാനാകും. രണ്ടോ മൂന്നോ ഹാക്കിങ് ശ്രമങ്ങൾ ഡിപ്പാർട്ട്മെന്‍റൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്. നിലവിൽ ഒരു ബാഹ്യ കരാറുകാരനാണ് വിവരങ്ങൾ അടങ്ങിയ സെർവർ കൈകാര്യം ചെയ്തിരുന്നത്. ഹാക്കിങ് കണ്ടെത്തിയ ഉടനെ സെർവറുമായുള്ള എല്ലാ ഓൺലൈൻ ഇന്‍റർനെറ്റ് കണക്ഷനുകളും വിച്ഛേദിച്ച് ഓഫ്‌ലൈൻ മോഡിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് പ്രതിരോധ സെക്രട്ടറി ഗ്രാന്‍റ് ഷാപ്സ് ഇന്ന് കോമണ്‍സില്‍ എംപിമാരെ അറിയിക്കും. ഹാക്കിങ് ആക്രമണത്തിൽ ബാങ്ക് വിശദാംശങ്ങളും ശമ്പളപ്പട്ടികയിലുള്ള ജീവനക്കാരുടെ പേരുകളും പുറത്തായതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, ഈ സംഭവം ശമ്പള വിതരണത്തെ ബാധിക്കില്ലെന്ന് അധികാരികൾ ഉറപ്പുനൽകിയിട്ടുണ്ട്.

സമീപ നാളുകളായി നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ബ്രിട്ടൻ വിധേയമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം സൈബര്‍ ഹണി ട്രാപ്പില്‍ മന്ത്രിയും എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരും കുടുങ്ങിയ സംഭവം വന്‍ വാര്‍ത്താ പ്രാധാന്യത്തോടെയാണ് ബ്രിട്ടനിൽ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചിരുന്നു . ഡേറ്റിങ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് സമ്മതിച്ചിരുന്നു. രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശത്രു ശക്തികള്‍ വന്‍ തോതില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുർബലമായ പാസ് വേഡുകൾ ഉള്ള സ്മാർട്ട്‌ ‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ബ്രിട്ടനിൽ നിയമം മൂലം നിരോധിക്കാനുള്ള പദ്ധതി ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

You might also like