എൻആർഐ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറിലൂടെ യുപിഐ പേയ്മെൻ്റ് സംവിധാനവുമായി ഐസിഐസിഐ ബാങ്ക്
ദുബായ് : പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയിൽ യുപിഐ ഇടപാട് നടത്താം. ഉപഭോക്താക്കളുടെ ഇടപാടുകള്‍ സുഗമമാക്കാന്‍ ഐസിഐസിഐ ബാങ്ക് ആണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടുള്ള പ്രവാസികള്‍ക്ക് ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇന്ത്യയില്‍ യുപിഐ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതാണ് സംവിധാനം.
യുഎസ്എ, യുകെ, യുഎഇ, കാനഡ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ ബാങ്ക് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നു.
യൂട്ടിലിറ്റി ബില്ലുകള്‍, ഇ-കോമേഴ്‌സ് ഇടപാടുകള്‍ അടക്കം പ്രവാസികള്‍ക്ക് ഇതുവഴി നിര്‍വഹിക്കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ എന്‍ആര്‍ഇ/ എന്‍ആര്‍ഒ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കണം എന്ന വ്യവസ്ഥ മാത്രമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ iMobile Pay വഴിയാണ് ബാങ്ക് ഈ സേവനം ലഭ്യമാക്കിയത്.
പ്രവാസി ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഇന്ത്യന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ പേയ്മെന്റുകള്‍ നടത്താമെന്നും ഐസിഐസിഐ ബാങ്ക് അറിയിച്ചു. യുപിഐ ഐഡിയിലേക്കോ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കോ പണം അയയ്ക്കാം. മുമ്പ് യുപിഐ പേയ്‌മെൻ്റുകൾ നടത്തുന്നതിന് എൻആർഐകൾക്ക് അവരുടെ ബാങ്കുകളിൽ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമായിരുന്നു