സംസ്ഥാനത്ത് പുതിയ ആശങ്ക; രണ്ട് ജില്ലകളിലായി പത്ത് പേര്‍ക്ക് വെസ്റ്റ് നൈല്‍ ഫീവര്‍, രണ്ട് പേര്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി പത്ത് പേര്‍ക്ക് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഒരാള്‍ രോഗം ബാധിച്ച് ഗുരുതരമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരുന്ന രണ്ട് പേര്‍ മരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്ക് ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോഴാണ് വെസ്റ്റൈല്‍ ഫീവറാണെന്ന് കണ്ടെത്തിയത്. ഇതിന് ശേഷം കൂടുതല്‍ സ്ഥിരീകരണത്തിന് പൂനെയിലെ വൈറോളജി ലാബിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു.
എന്താണ് വെസ്റ്റ് നൈല്‍ ഫീവര്‍?
1937 ല്‍ ഉഗാണ്ടയിലുള്ള വെസ്റ്റ് നൈല്‍ മേഖലയില്‍ കണ്ടെത്തിയതിനാലാണ് രോഗത്തിന് ഈ പേര് വന്നത്. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി വൈറസ് മനുഷ്യരിലേക്ക് പകരും. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്.
രക്ത ദാനത്തിലൂടെയും അവയവ ദാനത്തിലൂടെയും അമ്മയില്‍ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനും അപൂര്‍വമായി രോഗം ബാധിക്കാം. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരില്ല. വെസ്റ്റ് നൈല്‍ പനിക്ക് പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ല. കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പ് തുടങ്ങിയവയാണ് വെസ്റ്റ് നൈല്‍പനിയുടെ ലക്ഷണങ്ങള്‍.
രോഗം ബാധിച്ചവരില്‍ ഏറെ പേര്‍ക്കും ചെറിയ തോതിലാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. 20 ശതമാനത്തോളം പേരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഒരു ശതമാനം പേരില്‍ തലച്ചോര്‍ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. വൈറസ് ബാധയേറ്റ് രണ്ട് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അപകടസാധ്യത
ഏത് പ്രായത്തിലുള്ളവരിലും വൈറസ് ഉണ്ടായേക്കാം. എന്നാല്‍ 60 വയസിന് മുകളിലുള്ളവര്‍ ഡയബറ്റിസ്, കാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്‌നി രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവരിലും വൈറസ് ബാധ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവരില്‍ രോഗം മൂര്‍ച്ഛിക്കാം. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കും. എന്നാല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വെസ്റ്റ് നൈല്‍ പനി ബാധിച്ചുള്ള മരണ നിരക്ക് വളരെ കുറവാണ്.
പനി ബാധിച്ചാല്‍
രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് ലഭ്യമാക്കുക. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് രോഗം പൂര്‍ണമായും ഭേദമാകും. എന്നാല്‍ രോഗം മൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കാം.
പ്രതിരോധത്തിന് ചെയ്യേണ്ടത്
കൊതുകു നിര്‍മാര്‍ജ്ജനം
കൊതുകു കടിയേല്‍ക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുക
പരിസരം വൃത്തിയായി സൂക്ഷിക്കുക
ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടുക