ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ നിന്നും പർച്ചേസ് ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പരിധി നിശ്ചയിച്ച് സൗദി
റിയാദ്: സൗദിയിലെത്തുന്ന വിദേശികൾക്ക് ഡ്യൂട്ടിഫ്രീ ഷോപ്പുകളിൽ നിന്നും പർച്ചേസ് ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പരിധി നിശ്ചയിച്ച് സകാത്ത് ആന്റ് കസ്റ്റംസ് അതോറിറ്റി. മൂവായിരം റിയാൽ വരെയുള്ള ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും നികുതി ഇളവ് ലഭിക്കുക. കര,കടൽ, വ്യോമ മാർഗം രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായി പരമാവധി മൂവായിരം റിയാലിന്റെ ഉത്പനങ്ങൾ വാങ്ങുന്നതിനും കൈവശം വെക്കുന്നതിനും അനുവാദമുണ്ടാകും. ഈ ഉത്പന്നങ്ങളെ കസ്റ്റംസ് തീരുവകളിൽ നിന്നും നികുതിയിൽ നിന്നും ഒഴിവാക്കി നൽകും. ഒപ്പം ഇരുന്നൂറ് സിഗററ്റുകളും അനുവദിക്കും. കാബിനറ്റ് തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയത്. ജി.സി.സി രാജ്യങ്ങൾക്കായി ഏകീകൃത കസ്റ്റംസ് സംവിധാനം കൊണ്ട് വരുന്നതിന്റെ ഭാഗമായി കൂടിയാണ് തീരുമാനം. ഏകീകൃത ജി.സി.സി സന്ദർശക വിസയുൾപ്പെടെ നിലവിൽ വരാനിരിക്കെയാണ് പുതിയ മാറ്റം.