ഖത്തർ വീണ്ടും ഫുട്‌ബോൾ മാമാങ്കത്തിന് വേദിയാകുന്നു

0

ദോഹ: ഖത്തർ വീണ്ടും രാജ്യാന്തര ഫുട്‌ബോൾ പോരാട്ടങ്ങൾക്ക് വേദിയൊരുക്കുന്നു. അറബ് ലോകത്തെ ഫുട്‌ബോൾ ശക്തികൾ മാറ്റുരയ്ക്കുന്ന ഫിഫ അറബ് കപ്പ് അടുത്ത വർഷം ഖത്തറിൽ നടക്കും. തായ്‌ലൻഡിൽ നടന്ന ഫിഫ കൗൺസിലിലാണ് തീരുമാനം.

2021ലെ ഫിഫ അറബ് കപ്പ് മുതൽ തുടങ്ങിയ രാജ്യാന്തര പോരാട്ടങ്ങൾക്ക് ലോങ് വിസിൽ മുഴങ്ങാൻ സംഘാടകർ ഇതുവരെ സമ്മതിച്ചിട്ടില്ല. 2022 ൽ ലോകകപ്പ്, ഈ വർഷം ആദ്യം വൻകരയുടെ പോരാട്ടമായ ഏഷ്യൻ കപ്പ്, അതിന് പിന്നാലെ അണ്ടർ 23 ഏഷ്യൻ കപ്പ്. ഇതിനെല്ലാം പുറമെയാണ് അറബ് രാജ്യങ്ങളിലെ ഫുട്‌ബോൾ രാജാക്കൻമാരെ കണ്ടെത്താനുള്ള പോരാട്ടത്തിന് ഖത്തർ വീണ്ടും വേദിയാകുന്നത്. അടുത്ത വർഷം ആദ്യ ടൂർണമെന്റ്, 2029 ലും 2033ലും ഖത്തർ തന്നെയാണ് ടൂർണമെന്റിന്റെ വേദി.

എല്ലാ വർഷങ്ങളിലും ഡിസംബറിലായിരിക്കും ടൂർണമെന്റ് നടക്കുന്നത്. 2021ൽ നവംബർ -ഡിസംബർ മാസങ്ങളിലായിരുന്നു അറബ് രാജ്യങ്ങളുടെ മേളയായ ഫുട്ബാൾ ടൂർണമെന്റ് നടന്നത്. ലോകകപ്പിനായി തയ്യാറാക്കിയ വേദികളിൽ നടന്ന മത്സരത്തിൽ രണ്ട് വൻകരകളിൽ നിന്നുള്ള 16 ടീമുകളാണ് മാറ്റുരച്ചത്. 1963ൽ ആരംഭിച്ച അറബ് കപ്പ് വിവിധ കാലങ്ങളിലായി മുടങ്ങിയും പുനരാരംഭിച്ചും മുന്നോട്ട് പോവുന്നതിനിടെയാണ് 2021ൽ ഖത്തർ ആതിഥേയത്വം ഏറ്റെടുക്കുന്നത്. 2002ൽ കുവൈത്തിലും, 2012ൽ സൗദിയിലും നടന്ന ശേഷം അനിശ്ചിതമായി മുടങ്ങുകയായിരുന്നു. അടുത്ത വർഷം മുതൽ അണ്ടർ 17 ലോകകപ്പിന്റെ വേദിയും ഖത്തറാണ്. 2029 വരെ അഞ്ച് വർഷത്തേക്കാണ് ഖത്തറിനെ സ്ഥിരം വേദിയായി നിശ്ചയിച്ചിട്ടുള്ളത്.

You might also like