സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (മെയ് 16) ആരംഭിക്കും
തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (മെയ് 16) ആരംഭിക്കും. റിസൾട്ട് പ്രഖ്യാപിച്ച് ഒരാഴ്ച്ചക്ക് ശേഷമാണ് പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്.
https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ഏകജാലക സംവിധാനം വഴി അഡ്മിഷൻ പ്രക്രിയകൾ നടക്കുക. അഡ്മിഷനുമായ ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് HSCAP വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയോടെ വായിച്ചിട്ട് വേണം രജിസ്ട്രേഷൻ നടത്തേണ്ടത്.
കേരള സിലബസ് എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്എസ്എൽസി എന്നിങ്ങനെയുള്ള സ്കീമുകളിൽ റെഗുലറായി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ അഡ്മിഷന് അർഹരാണ്. അതോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമെല്ലാം റെഗുലറായി പത്താം ക്ലാസിന് തുല്യമായ പരീക്ഷ പാസായവർക്കും അഡ്മിഷന് നേടാൻ സാധിക്കുമെന്ന് പ്രോസ്പെക്ടസിൽ വ്യക്തമാക്കുന്നു.
HSCAP വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ
മുൻവർഷങ്ങളിലേത് പോലെ തന്നെ https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ പൂർണ്ണമായും ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്വന്തമായി ഇൻ്റർനെറ്റ് സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് തങ്ങൾ പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് അല്ലെങ്കിൽ പ്രദേശത്തുള്ള സർക്കാർ/എയ്ഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിൽ പോയി അവിടെയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.