ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ 320 മില്യണ്‍ ഡോളര്‍ ചെലവിട്ട് യുഎസ് നിര്‍മിച്ച കടല്‍പ്പാലം തകര്‍ന്നു

0

വാഷിംഗ്ടണ്‍ : യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കാനായി യുഎസ് നിര്‍മിച്ച താല്‍ക്കാലിക കടല്‍പ്പാലം തകര്‍ന്നു. ഒരാഴ്ച മുമ്പാണ് പാലം പൂര്‍ണ പ്രവര്‍ത്തന സജ്ജമായത്. ശക്തമായ കടല്‍ക്ഷോഭവും കാറ്റും മൂലമാണ് പാലം തകര്‍ന്നത്. 320 മില്യണ്‍  ഡോളര്‍ ചെലവിട്ട് അമേരിക്ക നിര്‍മിച്ച പാലത്തിന് ഇത്ര വേഗം തകരാര്‍ സംഭവിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഗാസയിലെ കടല്‍ത്തീരവുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റീല്‍ കോസ്വേയ്ക്കും അതുമായി ബന്ധിച്ചിരുന്ന ഫ്‌ലോട്ടിംഗ് പാലത്തിനും കേടുപാടുകള്‍ പറ്റി. പാലത്തിന്റെ ഭാഗങ്ങള്‍ ദക്ഷിണ ഇസ്രായേലിലെ ഒരു തുറമുഖത്ത് പുനഃസംയോജിപ്പിച്ച് വരികയാണെന്നും അടുത്തയാഴ്ച പുനഃസ്ഥാപിച്ച് പ്രവര്‍ത്തിക്കുമെന്നും പെന്റഗണ്‍ വക്താവ് സബ്രീന സിങ് വ്യക്തമാക്കി.

കടല്‍പ്പാലത്തിന് സമീപം ഉണ്ടായിരുന്ന 4 യുഎസ് യാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. അവ ഇസ്രയേല്‍ നേവിയുടെ സഹായത്തോടെ കടലില്‍ നിന്ന് തീരത്തേക്ക് മാറ്റിയിരുന്നു. മേയ് 25നാണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്. അതുവരെ ഏതാണ്ട് 1000 മെട്രിക് ടണ്‍ സഹായം ഗാസയിലേക്ക് ഈ പാലം വഴി എത്തിയിട്ടുണ്ട്.

You might also like