സൈനികരുടെ ക്ഷാമം; ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ ഇനി ന്യൂസിലന്‍ഡ്, യു.എസ്, കാനഡ, ബ്രിട്ടന്‍ പൗരന്മാര്‍ക്കും അവസരം
കാന്‍ബറ: ഓസ്‌ട്രേലിയന്‍ പ്രതിരോധസേനയില്‍ ചേരാന്‍ പൗരന്മാരല്ലാത്ത വിദേശികള്‍ക്കും അവസരം നല്‍കുമെന്ന് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ്. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഭീഷണി നേരിടാന്‍ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തണമെന്നു സര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കിലും സേനയില്‍ ചേരാന്‍ ആളില്ലാത്ത സാഹചര്യത്തിലാണിത്. ഓസ്ട്രേലിയയില്‍ 12 മാസമായി താമസിക്കുന്നവര്‍ക്കാണ് സേവനത്തിനുള്ള അവസരം ലഭിക്കുന്നത്.
അയല്‍രാജ്യമായ ന്യൂസിലന്‍ഡുകാര്‍ക്കാണ് ആദ്യം അവസരം. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് അനുമതിയുള്ള ന്യൂസിലന്‍ഡുകാര്‍ക്ക് ജൂലൈ മുതല്‍ സേനയില്‍ ചേരാം. അടുത്ത വര്‍ഷം ബ്രിട്ടന്‍, യുഎസ്, കാനഡ പൗരന്മാര്‍ക്കും അവസരമുണ്ടാകും.
സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ ഇത്തരമൊരു നടപടി അനിവാര്യമെന്നാണ് പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വിശദീകരിച്ചത്. 26 ദശലക്ഷമാണ് ഓസ്ട്രേലിയയിലെ ജനസംഖ്യ.
വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികള്‍ നേരിടാന്‍ അന്തര്‍വാഹിനികള്‍, ജെറ്റുകള്‍, നിരവധി യുദ്ധ വാഹനങ്ങള്‍ എന്നിവ വാങ്ങി ഓസ്‌ട്രേലിയ സമീപ വര്‍ഷങ്ങളില്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിച്ചിരുന്നു