കുവൈത്ത് അപകടം : പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് പ്രാഥമിക നി​ഗമനം

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. 43 മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. മരിച്ചവരിൽ കൂടുതൽ ആളുകളും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നും ദൃക്സാക്ഷി പറയുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നതെന്ന് പ്രാഥമിക നി​ഗമനം. സംഭവം വിശദമായി അന്വേഷിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

ദുരന്തത്തിൽ 11 മലയാളികൾ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ കൊല്ലം ആനയടി സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു.

You might also like