ഹൈദരാബാദില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് റദ്ദാക്കി സ്‌പൈസ്‌ജെറ്റ്

0

ഹൈദരാബാദില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് റദ്ദാക്കി സ്‌പൈസ്‌ജെറ്റ്. ലോഞ്ച് ചെയ്​ത് രണ്ട് മാസത്തിനുള്ളിലാണ് അയോധ്യയിലേക്കുള്ള സര്‍വീസുകള്‍ സ്​പൈസ് ജെറ്റ് റദ്ദാക്കുന്നത്. ജൂൺ ഒന്ന് മുതലാണ് ഹൈദരാബാദിൽനിന്നുള്ള സർവീസ് നിർത്തിവച്ചത്. സ്‌പൈസ്‌ജെറ്റിന്റെ എയർബസ് എ320 ആണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. യാത്രക്കാർ വൻതോതിൽ കുറഞ്ഞതോടെയാണ് സർവീസുകൾ നിർത്തിവെക്കാൻ കമ്പനി തീരുമാനിച്ചത്. വാണിജ്യ സാധ്യതയും യാത്രക്കാരുടെ ആവശ്യവും അനുസരിച്ചാണ് വിമാന ഷെഡ്യൂളുകൾ നിശ്ചയിക്കുന്നതെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

ഏപ്രിൽ രണ്ടിനാണ് ഹൈദരാബാദിൽനിന്ന് അയോധ്യയിലേക്ക് വിമാനസർവീസ് ആരംഭിച്ചത്. രാവിലെ 10.45ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്ത എസ്.ജി 616 വിമാനം ഉച്ചക്ക് 12.45നാണ് അയോധ്യ മഹാറിഷി വാൽമീകി വിമാനത്താവളത്തിൽ എത്തുന്നത്. അയോധ്യയിൽനിന്നും 1.25ന് തിരിക്കുന്ന വിമാനം 3.25ന് ഹൈദരാബാദിൽ എത്തും. ഒരാഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടായിരുന്നത്.

ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകൾ പ്രകാരം മെയ് 30നാണ് വിമാനം അവസാന സർവീസ് നടത്തിയത്. നിലവിൽ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ ഡൽഹി വഴിയാണ് റൂട്ട് കാണിക്കുന്നത്. ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ അൽപ്പസമയം തങ്ങിയ ശേഷമാണ് യാത്ര പുനരാരംഭിക്കുക. ഇങ്ങനെ പോകുന്ന വിമാനം അയോധ്യയിലെത്താൻ മൊത്തം ഏഴ് മണിക്കൂറും 25 മിനിറ്റും സമയമെടുക്കും.

You might also like