ലബനനെതിരായ വ്യാപക ആക്രമണത്തിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക തിരക്കിട്ട നീക്കത്തിൽ
തെല്‍ അവിവ്: ലബനനെതിരായ വ്യാപക ആക്രമണത്തിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക തിരക്കിട്ട നീക്കത്തിൽ. ഇസ്രായേൽ സുരക്ഷാ വിഭാഗം മേധാവികളെ ചർച്ചക്ക് ക്ഷണിച്ചതായി പെന്‍റഗണ്‍ വ്യക്തമാക്കി.
ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കു നേരെ വ്യാപക ആക്രമണത്തിനൊരുങ്ങുകയാണ് ഇസ്രായേൽ. ഗസ്സയിൽ നിന്ന് കൂടുതൽ സൈന്യത്തെ വടക്കൻ അതിർത്തിയിലേക്ക് വിന്യസിക്കുന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. അതിർത്തി മേഖലയിൽ നിന്ന് ഹിസ്ബുല്ലയുടെ സാന്നിധ്യം ഒഴിവാക്കാൻ സൈനിക നടപടിയല്ലാതെ മറ്റു മാർഗമില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇരുകൂട്ടർക്കും ആപൽക്കരമായിരിക്കും യുദ്ധമെന്നും നയതന്ത്ര നീക്കങ്ങളിലൂടെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.