ലാസ് വെഗാസിൽ വെടിവയ്പ്പ് ; അഞ്ച് പേർ കൊല്ലപ്പെട്ടു

0

ലാസ് വെഗാസ്: അമേരിക്കയിലെ ലാസ് വെഗാസിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കാസ നോർട്ടെ ഡ്രൈവിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. എറിക് ആഡംസ് എന്ന 47കാരനാണ് വെടിവയ്പ്പ് നടത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. വെടിവയ്പ്പ് നടക്കുന്നതായി വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു. പരിക്കേറ്റ നിലയിൽ രണ്ട് സ്ത്രീകളെയാണ് ആദ്യം കണ്ടത്. ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്തുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് 20നോടടുത്ത് പ്രായമുള്ള രണ്ട് യുവതികളേയും ഒരു യുവാവിനേയും വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. ആക്രമണത്തിൽ 13 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

You might also like