തുടർച്ചയായ ഏഴാം വർഷവും മിഡിൽ ഈസ്റ്റിലെ മികച്ച ചെലവ് കുറഞ്ഞ എയർലൈനായി സൗദി എയർലൈൻ ഫ്ലൈനാസ് തിരഞ്ഞെടുക്കപ്പെട്ടു
റിയാദ് : തുടർച്ചയായ ഏഴാം വർഷവും മിഡിൽ ഈസ്റ്റിലെ മികച്ച ചെലവ് കുറഞ്ഞ എയർലൈനായി സൗദി എയർലൈൻ ഫ്ലൈനാസ് തിരഞ്ഞെടുക്കപ്പെട്ടു. എയർലൈൻ പ്രകടനം വിലയിരുത്തുന്നതിനുള്ള രാജ്യാന്തര അതോറിറ്റിയായ ഇന്റനാഷനൽ സ്‌കൈട്രാക്‌സ് ഓർഗനൈസേഷന്റെ തിരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവ് കുറഞ്ഞ നാല് എയർലൈനുകളിൽ വിമാനകമ്പനി സ്ഥാനം പിടിച്ചിട്ടുണ്ട്.
രാജ്യത്തിന് മറ്റൊരു വിജയമായി, 2023 ലെ റാങ്കിങിൽ നിന്ന് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് ലോകത്തിലെ ഏറ്റവും മികച്ച 20-ാമത്തെ എയർലൈനായി സൗദിയയെ തിരഞ്ഞെടുത്തു. സിംഗപ്പൂർ എയർലൈൻസിന് പിന്നിൽ കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഖത്തർ എയർവേസ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലണ്ടനിൽ നടന്ന വാർഷിക സ്കൈട്രാക്സ് അവാർഡ് ദാന ചടങ്ങിൽ ഫ്ലൈനാസിന്റെ സിഇഒ ബന്ദർ അൽ മൊഹന്ന കമ്പനിയുടെ മിഡിൽ ഈസ്റ്റ് റാങ്കിങിനായുള്ള അവാർഡ് ഫലകം സ്വീകരിച്ചു.