ഗോവക്കാരനായ ഗോള്‍ കീപ്പര്‍ നോറ ഫെര്‍ണാണ്ടസ് കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍
കൊച്ചി: ഗോവക്കാരനായ ഗോള്‍ കീപ്പര്‍ നോറ ഫെര്‍ണാണ്ടസ് കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍. 2027 വരെയുള്ള കരാറാണ് താരം ഒപ്പു വെച്ചിരിക്കുന്നത്.
ഗോവയില്‍ ജനിച്ച നോറ, സാല്‍ഗോക്കര്‍ എഫ്സിയുടെ അണ്ടര്‍ 18 ടീമിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. 2020 ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സിലെത്തും മുമ്പ് ഡി 18 ഐ-ലീഗിലും ഗോവ പ്രൊഫഷണല്‍ ലീഗിലും നോറ സാല്‍ഗോക്കറിന് വേണ്ടി കളിച്ചിട്ടുണ്ട്.
ഐ ലീഗിലും സൂപ്പര്‍ കപ്പിലുമായി 2020 നും 2023 നും ഇടയില്‍ നോറ ചര്‍ച്ചില്‍ ബ്രദേഴ്സിനായി 12 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഒടുവില്‍ 2023-24 ഐ-ലീഗ് സീസണില്‍ ആദ്യ ചോയ്സ് ഗോള്‍ കീപ്പറായി ഐസ്വാള്‍ എഫ്.സി അദ്ദേഹത്തിന് അവസരം നല്‍കി.
ആ സീസണില്‍ നോറ അവര്‍ക്കായി 17 മത്സരങ്ങള്‍ കളിച്ചു. പെനാല്‍റ്റി ഏരിയയിലെ ആധിപത്യം, പന്തുകള്‍ തടുക്കാനുള്ള കഴിവുകള്‍ എന്നിവ നോറയുടെ പ്രത്യേകതയാണ്.
ഗോള്‍ കീപ്പിങ് വിഭാഗം ശക്തിപ്പെടുത്തുക എന്നൊരു ചുമതല തങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ സ്ഥാനത്ത് നോറ മികച്ച പ്രകടനം കാഴ്ചവച്ച് അദേഹത്തിന്റെ മുഴുവന്‍ കഴിവും പുറത്തെടുക്കുമെന്ന് വിശ്വസിക്കുന്നതായി ബ്ലാസ്‌റ്റേഴ്‌സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പോലുള്ള ക്ലബ്ബില്‍ ചേരുന്നതില്‍ അഭിമാനവും ആവേശവും ഉണ്ടന്നും തന്റെ കഴിവിന്റെ ഏറ്റവും ഉയര്‍ന്ന പ്രകടനം നടത്താന്‍ ശ്രമിക്കുമെന്നും നോറ ഫെര്‍ണാണ്ടസ് പ്രതികരിച്ചു