ന്യൂഡൽഹി: സുപ്രീംകോടതി ഇന്ന് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കും. ഹർജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ്. കോടതിയുടെ മുന്നിലുള്ളത് 26 ഹർജികളാണ്. ചോദ്യപേപ്പർ ചോർച്ച, പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ ടി എ) യുടെ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഹർജികളാണിവ. മെഡിക്കൽ പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് നടപടികൾ കഴിഞ്ഞ ആറിനു നടത്താനിരുന്നതാണ്. ഇത് മാറ്റി വച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രാലയം അറിയിച്ചത് ഇനി പ്രവേശനനടപടികൾ തുടങ്ങുന്നത് കോടതിയുടെ നിർദേശപ്രകാരമായിരിക്കും എന്നാണ്. നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചത് 1564 വിദ്യാർഥികൾക്കാണ്. എൻ ടി എ ജൂണ്‍ 13ന് സുപ്രീകോടതിയിൽ ഇത് റദ്ദാക്കുന്നതായി അറിയിച്ചിട്ടുണ്ടായിരുന്നു. അതോടൊപ്പം ഇവർക്ക് പുനഃപരീക്ഷ നടത്തുമെന്നും എൻ ടി എ വ്യക്തമാക്കുകയുണ്ടായി. വിവിധ ഹൈക്കോടതികളിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.