വയനാട്ടിൽ യുഡിഎഫ്, ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട്ട് ബിജെപി മുന്നേറ്റം

0

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലാണ്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ് മുന്നേറുന്നു.

പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണിയപ്പോൾ പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറും ചേലക്കരയിൽ യുആർ പ്രദീപും വയനാട്ടിൽ പ്രിയങ്ക ഗാന്ധി തന്നെയായിരുന്നു മുന്നേറ്റമുണ്ടാക്കിയത്. വയനാട്ടിൽ ഇവിഎം എണ്ണിത്തുടങ്ങിയപ്പോഴും വൻ ലീഡ് നില യുഡിഎഫ് നിലനിർത്തുകയാണ്.

ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം വിധിയെഴുതിയത്. മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട് നഗരസഭയിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത് ബിജെപിക്ക് അനുകൂലമായേക്കുമെന്നാണ് വിലയിരുത്തൽ. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയിൽ കൂടുതൽ വോട്ടുകൾ നേടിയത്.

You might also like