ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതായി റിപ്പോർട്ട്.
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതായി റിപ്പോർട്ട്. എവറസ്റ്റിലെ ചപ്പുചവറുകൾ പൂർണമായി നീക്കം ചെയ്യാൻ വർഷങ്ങളോളം സമയം ആവശ്യമായി വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നേപ്പാൾ സർക്കാർ നിയോഗിച്ച ഷെർപ്പകളുടെ നേതൃത്വത്തിലുള്ള സംഘം ശുചീകരണ യജ്ഞത്തിനായി എവറസ്റ്റ് കാമ്പിൽ എത്തിയതിന് പിന്നാലെയാണ് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമായത്. (പടിഞ്ഞാറൻ നേപ്പാളിലെ കുന്നുകളിൽ വസിക്കുന്നവരാണ് ഷെർപ്പകൾ. ഇവരിൽ ഭൂരിഭാഗമാളുകളും ടിബറ്റൻ ജനതയാണ്. എവറസ്റ്റ് മേഖലയെ കാത്തുസൂക്ഷിക്കുന്നതിലും പർവതാരോഹകർക്ക് സഹായമാകുന്നതിലും ഷെർപ്പകളുടെ പങ്ക് വലുതാണ്.)
എവറസ്റ്റ് കാമ്പിലെത്തിയ ശുചീകണ സംഘത്തിൽ സൈനികർ അടക്കമുള്ളവരുണ്ടായിരുന്നു. ഷെർപ്പകളും സൈന്യവും ചേർന്ന് 11 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. തണുത്തറഞ്ഞ നാല് മൃതദേഹങ്ങളും ഒരു അസ്ഥിക്കൂടവും ഇതിൽ ഉൾപ്പെടുന്നു. ദക്ഷിണ ഭാഗത്തുള്ള കാമ്പിന് സമീപം 50 ടൺ മാലിന്യം നീക്കം ചെയ്യാൻ ശേഷിക്കുന്നുണ്ടെന്നും സംഘം അറിയിച്ചു.