ലോക്സഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷിനെ വീണ്ടും നിയമിച്ചു.
ന്യൂഡൽഹി: ലോക്സഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷിനെ വീണ്ടും നിയമിച്ചു. ആസാമിൽനിന്നുള്ള യുവനേതാവ് ഗൗരവ് ഗൊഗോയ് ആണ് പാർലമെന്ററി പാർട്ടിയുടെ ഉപനേതാവ്. പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി നേരത്തെ ചുമതലയേറ്റിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള മാണിക്കം ടാഗോറിനെയും ബിഹാറിലെ കിഷൻഗഞ്ജ് എംപി എം.ഡി. ജവൈദിനെയും കൊടിക്കുന്നിലിനു താഴെ വിപ്പുമാരായി നിയമിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് പുതിയ നിയമനങ്ങൾ നടത്തിയതെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഇന്ത്യ സഖ്യത്തിലെയും കോണ്‍ഗ്രസിലെയും നേതാക്കളും എംപിമാരുമായുള്ള ഏകോപനത്തിൽ ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ പുതുതായി നിയമിക്കപ്പെട്ടവർ സഹായിക്കും. ദക്ഷിണേന്ത്യയിൽനിന്ന് സുരേഷും മാണിക്കവും ഉത്തരേന്ത്യയിൽനിന്ന് ഗൊഗോയിയും ജവൈദും വരുന്നത് മേഖലകളുടെ സന്തുലിതാവസ്ഥകൂടി പരിഗണിച്ചാണ്. എട്ടാം തവണയും ജയിച്ച കൊടിക്കുന്നിലാണ് ലോക്സഭയിലെ ഏറ്റവും മുതിർന്ന അംഗം.