45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ വാക്‌സിന്‍ നല്‍കും: കേന്ദ്രസര്‍ക്കാര്‍
45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 45 വയസ്സിനു മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.
പല സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം.
60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസ്സിനു മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്.
നിലവില്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. രണ്ടാം ഡോസ് എട്ടാഴ്ചയ്ക്കുള്ളില്‍ എടുത്താല്‍ മതി. രാജ്യത്ത് വാക്‌സീനു ക്ഷാമമില്ലെന്നും ആവശ്യത്തിനു വാക്‌സിന്‍ ഡോസുകളുണ്ടെന്നും ജാവദേക്കര്‍ വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 4.85 കോടി ആളുകള്‍ വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചെന്നും 80 ലക്ഷം പേര്‍ രണ്ടു ഡോസും എടുത്തെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ചിലയിടങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.