ബംഗ്ലാദേശിൽ സർക്കാർ ജോലികളിലെ സംവരണം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായി
ധാക്ക: ബംഗ്ലാദേശിൽ സർക്കാർ ജോലികളിലെ സംവരണം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം അക്രമാസക്തമായതോടെ കോളജുകൾ പൂട്ടുന്നു. എല്ലാ യൂണിവേഴ്സിറ്റികളും അക്കാദമിക പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ഉത്തരവിട്ടു.
ധാക്ക യൂണിവേഴ്സിറ്റി അനിശ്ചിതാലത്തേക്കു പൂട്ടാൻ സെനറ്റ് യോഗത്തിൽ തീരുമാനിച്ചു. വിദ്യാർഥികൾ ഇന്നലെ വൈകുന്നേരം ആറിനകം ഹോസ്റ്റലുകൾ ഒഴിയണമെന്നായിരുന്നു നിർദേശം. യൂണിവേഴ്സിറ്റിയിൽ ഇന്നലെയും പ്രതിഷേധ പ്രകടനം നടന്നു.
ചൊവ്വാഴ്ച രാജ്യമൊട്ടുക്കു നടന്ന പ്രതിഷേധത്തിൽ മൂന്നു വിദ്യാർഥികളടക്കം ആറു പേർ മരിച്ച പശ്ചാത്തലത്തിലാണു നടപടികൾ. നൂറിലധികം വിദ്യാർഥികൾക്കു പരിക്കേൽക്കുകയുമുണ്ടായി. ഒരാഴ്ചയായി നടക്കുന്ന സമരത്തിനു ധാക്ക യൂണിവേഴ്സിറ്റി വിദ്യാർഥികളാണു നേതൃത്വം നല്കുന്നത്.
ഫസ്റ്റ്, സെക്കൻഡ് ക്ലാസ് സർക്കാർ ജോലികളിൽ ക്വോട്ടാ സംവിധാനം അവസാനിപ്പിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ രീതിയിൽ ബംഗ്ലാ വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ പിന്തുടർച്ചക്കാർക്ക് 30 ശതമാനം സംവരണമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ജില്ലകളിലുള്ളവർക്ക് 10, വനിതകൾക്ക് 10, വംശീയ ന്യൂനപക്ഷങ്ങൾക്ക് അഞ്ച്, അംഗപരിമിതർക്ക് ഒന്ന് ശതമാനം വീതവും സംവരണമുണ്ട്.