ജിഷ കൊലപാതകക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.
ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.
കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നു വിലയിരുത്തി വധശിക്ഷ വിധിച്ച കേരള ഹൈക്കോടതി വിധിക്കേതിരേ അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, കെ.വി.വിശ്വനാഥൻ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി തീർപ്പാകുംവരെ വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതിയുടെ മനഃശാസ്ത്ര- ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച കോടതി, ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതേക്കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് പ്രതിയുടെ മാനസിക പരിശോധന നടത്തി മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാനും, പ്രതി തടവിൽ കഴിഞ്ഞിരുന്ന ജയിലുകളിൽനിന്നുള്ള സ്വഭാവ റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. സ്റ്റേ സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ അഭിഭാഷകൻ മുഖേന ജയിൽ സൂപ്രണ്ടിന് കൈമാറാനും നിർദേശിച്ചിട്ടുണ്ട്.