ഗസ്സ സിറ്റി: അന്താരാഷ്ട്ര നീതിന്യായ കോടതി വിധി വകവെക്കാതെ ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. ബുറൈജ് അഭയാർഥി ക്യാമ്പിലടക്കം സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെടുകയും 105 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനം ദുഷ്‍കരമായതിനാൽ അവശിഷ്ടങ്ങൾക്കിടയിലും നിരത്തുകളിലും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. വീടുകൾക്കുനേരെ നിരന്തരം ബോംബുവർഷം തുടരുന്നതിനാൽ പരിക്കേറ്റ പലരും തെരുവുകളിൽ ചോരവാർന്ന് മരിക്കുകയാണെന്നും അവരെ ആശുപത്രിയിലാക്കാനാകുന്നില്ലെന്നും ദെയ്ർ അൽബലഹിലെ മാധ്യമപ്രവർത്തകൻ ഹാനി മുഹമ്മദിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.