ഇരു രാഷ്‌ട്രങ്ങളുടേയും ഐക്യം നിലനിർത്തി ബന്ധം കൂടുതൽ ദൃഢമാക്കും; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ന്യൂസിലൻഡിൽ വൻ സ്വീകരണം
വെല്ലിംഗ്ടൺ: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ന്യൂസിലൻഡിൽ. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് രാഷ്‌ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശനം. ന്യൂസിലൻഡിലെ വ്യാപാര മന്ത്രി ടോഡ് മക്ലേയും ഹൈക്കമ്മീഷണർ നീത ഭൂഷണും ചേർന്ന് രാഷ്‌ട്രപതിയെ സ്വീകരിച്ചതായി ന്യൂസിലൻഡിലെ ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു.
” ന്യൂസിലൻഡിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഊഷ്മളമായ സ്വീകരണം നൽകി. മന്ത്രി ടോഡ് മക്ലേയും ഹൈക്കമ്മീഷണർ നീത ഭൂഷനും ചേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിച്ചു. രാഷ്‌ട്രപതിക്ക് ന്യൂസിലൻഡിലേക്ക് സ്വാഗതം.”- ന്യൂസിലൻഡിലെ ഇന്ത്യൻ എംബസി കുറിച്ചു.
രാഷ്‌ട്രപതി ദ്രൗപദി മുർമുവിനോടുള്ള ആദരവ് ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും എക്‌സിൽ പങ്കുവച്ചു. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ന്യൂസിലൻഡിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷം. ഇന്ത്യ- ന്യൂസിലൻഡ് ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളുടെയും സംസ്‌കാരവും ഐക്യവും നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ദ്രൗപദി മുർമുവിന്റെ ന്യൂസിലൻഡ് സന്ദർശനത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു