സൗദിയില്‍ കനത്ത മഴ; മരണം ഏഴായി; മക്കയിലും കനത്ത നാശനഷ്ടം

0

റിയാദ്: തെക്ക് – പടിഞ്ഞാറന്‍ സൗദിയിലെ ജസാന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോവുകയും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും തകരുകയും ചെയ്തു. കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, ജസാന്‍ മേഖലയില്‍ പ്രത്യേകിച്ചും ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജസാന്‍, നജ്റാന്‍, മക്ക, മദീന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും ദൃശ്യപരത കുറയ്ക്കുന്ന കാറ്റും അടുത്ത ദിവസങ്ങളിലും തുടരുമെന്ന് സൗദി നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പ്രവചിച്ചു. അതേസമയം മക്കയില്‍ ഇന്നലെയും കനത്ത മഴയും ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും അനുഭവപ്പെട്ടു.

ഇതിന്‍റെ ഫലമായി ചില ഭാഗങ്ങളില്‍ വലിയ നാശനഷ്ടമുണ്ടായി. മക്കയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റോഡുകള്‍ മുങ്ങിപ്പോയതിന്‍റെയും കാറുകള്‍ ഒഴുകുന്നതിന്‍റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലയിടങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലും വെളളം കയറിയെങ്കിലും മക്കയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

You might also like