വിമാന ടിക്കറ്റ് നിരക്ക്: കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജെയിംസ് കൂടൽ

0

തിരുവനന്തപുരം: പ്രവാസ ലോകത്തെ അവധിക്കാലം മുതലെടുത്ത് വിമാനക്കമ്പനികൾ നടത്തിവരുന്ന ടിക്കറ്റ് നിരക്ക് വർധന അവസാനിക്കണമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടൽ ആവശ്യപ്പെട്ടു. പ്രവാസികളെ ചൂഷണം ചെയ്യുന്ന ഈ പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാണെമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ജെയിംസ് കൂടൽ നിവേദനം സമർപ്പിച്ചു. ഇത് സംബന്ധിച്ച് ശക്തമായ ഇടപെടൽ പാർലമെൻ്റിലും ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐ സിസി സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരോടും അഭ്യർത്ഥിക്കുമെന്ന് ജെയിംസ് കൂടൽ പറഞ്ഞു.

വിമാനക്കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുമ്പോഴും കേന്ദ്ര സർക്കാർ നിശബ്ദത പാലിക്കുകയാണ്. പ്രവാസ ലോകത്ത് അവധിക്കാലമായാൽ ഉണ്ടാകുന്ന നിരക്ക് വർധന പുതിയ പ്രശ്നമല്ല. തുടർച്ചയായി ഉണ്ടാകുന്ന ഈ വിഷയത്തിൻ്റെ ഗൗരവം അറിഞ്ഞില്ലെന്ന ഭാവിക്കുകയാണ് കേന്ദ്ര സർക്കാർ. അടിയന്തരമായി സർക്കാർ ഇതിൽ ഇടപെടണം. അവധിക്കാലത്തു പോലും നാട്ടിലേക്കെത്താൻ കഴിയാത്ത ഗതികേടിലാണ് ഇതോടെ പ്രവാസികൾ. തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ യൂസർ ഫീ വർധന സംബന്ധിച്ച വിഷയത്തിലും പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

നാടിൻ്റെ സമ്പദ് വ്യവസ്ഥയിലെ നെടുംതൂണുകളാണ് പ്രവാസികൾ. അവരുടെ പ്രശ്നങ്ങളെ ഗൗരവത്തോടെ സർക്കാർ കാണണം. എയർലൈൻ കമ്പനികളുടെ സീസണൽ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുവാൻ നടപടികളുണ്ടാവണം.
പാർലമെന്റിൽ ഈ വിഷയം ഉന്നയിച്ച എംപിമാരായ ഷാഫി പറമ്പിൽ, അടൂർ പ്രകാശ് എന്നിവരെ അഭിനന്ദിക്കാതെ വയ്യ. വരും നാളുകളിലും ഈ വിഷയം ശക്തമായി സഭയിൽ ഉന്നയിക്കണമെന്ന് അവിശ്യപ്പെട്ട എല്ലാ എംപി മാർക്കും കത്ത് അയ്ക്കുമെന്നും അടിയന്തര നടപടി ഉണ്ടാവാത്തപക്ഷം കൂടുതൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജെയിംസ് കൂടൽ പറഞ്ഞു.

You might also like