ബംഗ്ലാദേശിൽ നടന്ന കലാപങ്ങൾക്കിടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബംഗ്ലാദേശ് സൈന്യം അനാവശ്യമായ ബലപ്രയോഗം നടത്തിയതിന് തെളിവുകളുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ
ധാക്ക: ബംഗ്ലാദേശിൽ നടന്ന കലാപങ്ങൾക്കിടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബംഗ്ലാദേശ് സൈന്യം അനാവശ്യമായ ബലപ്രയോഗം നടത്തിയതിന് തെളിവുകളുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ. സാഹചര്യങ്ങളെ സുരക്ഷാ സേന ശരിയായ രീതിയിലല്ല നേരിട്ടതെന്നും, ആക്രമണം രൂക്ഷമാകാൻ സൈന്യത്തിന്റെ ഇടപെടലുകൾ വഴിവച്ചിട്ടുണ്ടെന്നും യുഎൻ ഹ്യൂമൻ റൈറ്റ്‌സ് ഓഫീസ് ആരോപിച്ചു.
അതേസമയം ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ അരങ്ങേറിയ കലാപത്തെക്കുറിച്ചും, പ്രതിഷേധക്കാർ നടത്തിയ കൊലപാതകങ്ങളെ കുറിച്ചും അന്വേഷിക്കുന്നതിനായി ഐക്യരാഷ്‌ട്രസഭയിൽ നിന്നുള്ള വിദഗ്ധരുടെ സംഘം അടുത്തയാഴ്ച ബംഗ്ലാദേശിലെത്തുന്നുണ്ട്. രാജ്യത്ത് വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും സംഘം അന്വേഷണം നടത്തും. ഷെയ്ഖ് ഹസീന രാജിവച്ചതിന് ശേഷവും രാജ്യത്ത് വീണ്ടും അക്രമസംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ജൂലൈ പകുതിക്ക് ശേഷം മാത്രം 500ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.