ഡോക്ടർമാർ എങ്ങനെ ഭയപ്പെടാതെ ജോലിയെടുക്കും; രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സർക്കാരിനെ വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ബലാത്സംഗത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിനു പിന്നാലെ ആശുപത്രിയിൽ വൻ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗമടക്കം പൂർണമായും തകർന്നതായാണ് വിവരം.
സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ചയാണിതെന്നും ഡോക്ടർമാർ എങ്ങനെയാണ് ഭയപ്പെടാതെ ജോലിയെടുക്കുകയെന്നും പൊലീസിനും ആഭ്യന്തര വകുപ്പിനും വലിയ വീഴ്ചയാണുണ്ടായെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആശുപത്രിയിൽ ഇപ്പോൾ പൊലീസുകാർ സുരക്ഷാ ചുമതലയിലുണ്ട്. അവർക്ക് സ്വന്തം ആളുകളെ പോലും രക്ഷിക്കാനാവുന്നില്ല. പിന്നെ എങ്ങിനെ ഡോക്ടർമാർ ഭയപ്പെടാതെ ജോലിചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
അതേസമയം കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. കഴിഞ്ഞ ദിവസം സിബിഐ സംഘം ആർജി കർ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരെ അടക്കം ചോദ്യം ചെയ്തിരുന്നു. ഇനിയും ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നും സംശയമുണ്ടെന്നും സി.ബി.ഐ അറിയിച്ചിരുന്നു. കേസിൽ ഒരു പ്രതി മാത്രമാണെന്ന പൊലീസിന്റെ നിഗമനം തെറ്റാണെന്നാണും സി.ബി.ഐയുടെ കണ്ടെത്തിയിരുന്നു.