യുവ ഡോക്ടറുടെ കൊലപാതകം: ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി

0

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ സമരം തുടങ്ങി. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഒ.പി സേവനവും അടിയന്തര പ്രാധാന്യമില്ലാത്ത സര്‍ജറികളും സ്തംഭിക്കും. ഇന്ന് രാവിലെ ആറ് മുതല്‍ നാളെ രാവിലെ ആറ് വരെയാണ് പണിമുടക്ക്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിരുന്നു. സമരത്തോട് കെജിഎംഒഎയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിര്‍ത്തും. അത്യാഹിത വിഭാഗങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. കേരളത്തില്‍ വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ സമരത്തില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് സേവനം തുടരും.

തൊഴിലിന്റെ സ്വഭാവം കാരണം ഡോക്ടര്‍മാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ അക്രമത്തിന് ഇരയാകുന്നു എന്നത് ദുഖ സത്യമാണെന്നും ഐഎംഎ പറഞ്ഞു. ആശുപത്രികളിലും ക്യാംപസുകളിലും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധികാരികളാണ്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ആവശ്യങ്ങളോടുള്ള ബന്ധപ്പെട്ട അധികാരികളുടെ ഉദാസീനതയുടെയും നിസംഗതയുടെയും ഫലമാണ് ശാരീരിക ആക്രമണങ്ങളും കുറ്റകൃത്യങ്ങളുമെന്നും ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു

You might also like