മഴ കുറയും ചൂട് കൂടും: മെയ് ആദ്യം മുതല്‍ ജൂലൈ വരെ എല്‍ നിനോയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ സംഘടന

0

ജനീവ: അന്തരീക്ഷ താപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോ ഈ വര്‍ഷം എത്തിയേക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ലോക കാലാവസ്ഥാ സംഘടന(ഡബ്ല്യു.എം.ഒ.)യുടെ മുന്നറിയിപ്പ്. മെയ് ആദ്യം മുതല്‍ ജൂലൈ വരെയുള്ള സമയത്ത് എല്‍ നിനോ പ്രതീക്ഷിക്കാമെന്നാണ് ഡബ്ല്യു.എം.ഒയുടെ അറിയിപ്പ്.

ഇതുമൂലം കാറ്റ്, അന്തരീക്ഷ മര്‍ദം, മഴയുടെ ക്രമം എന്നിവയ്ക്ക് മാറ്റമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് ആഗോള കാലാവസ്ഥയെ ബാധിക്കുകയും ഇന്ത്യന്‍ മണ്‍സൂണ്‍ ദുര്‍ബലപ്പെടുത്തി മഴ കുറയ്ക്കാനും താപനില ഉയര്‍ത്താനും കാരണമാകുകയും ചെയ്യും. രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ ഇടവേളകളില്‍ ഉണ്ടാകുന്ന ഈ പ്രതിഭാസം ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും വരള്‍ച്ചയ്ക്കും അമേരിക്കയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും കാരണമാകാറുണ്ട്.

എല്‍ നിനോ, ലാ നിന (കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ചൂട് കുറയുന്ന പ്രതിഭാസം) എന്നിവ മാറിമാറിയാണ് വരാറ്. ഒന്‍പത് മുതല്‍ 12 വരെ മാസം നീണ്ടുനില്‍ക്കും. ഇതിന് മുന്‍പ് 2023 ലും 2024 ലിലുമാണ് എല്‍ നിനോ ഉണ്ടായത്. 2026 ല്‍ ശക്തമായ ‘സൂപ്പര്‍ എല്‍ നിനോ’ പ്രതിഭാസം മൂലം കടുത്ത ചൂടും മഴക്കുറവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു

You might also like