
‘പ്രിയദർശിനി സൗജന്യ യാത്രാ’ പദ്ധതിക്ക് മികച്ച പ്രതികരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതകൾക്കായി ആരംഭിച്ച ‘പ്രിയദർശിനി സൗജന്യ യാത്രാ’ പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം മുൻ ആഴ്ചകളെ അപേക്ഷിച്ച് ലക്ഷക്കണക്കിന് അധികം വനിതകളാണ് ഒറ്റ ദിവസം കൊണ്ട് യാത്രാസൗകര്യം പ്രയോജനപ്പെടുത്തിയത്.
യാത്രക്കാരുടെ എണ്ണത്തിൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വലിയ കുതിപ്പാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ലഭിച്ച വിവരങ്ങൾ പ്രകാരം ഇന്നലെ മാത്രം 13,29,938 സ്ത്രീ യാത്രക്കാരാണ് ഓർഡിനറി ബസുകളെ ആശ്രയിച്ചത്. തൊട്ടുമുൻപുള്ള തിങ്കളാഴ്ച ഇത് 7,34,693 ആയിരുന്നു. അതായത്, ഒറ്റദിവസം കൊണ്ട് 5,95,245 വനിതാ യാത്രക്കാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാർക്കും ജോലിക്ക് പോകുന്ന സ്ത്രീകൾക്കും ഈ പദ്ധതി വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് എന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
