സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം

0

ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. ആലപ്പുഴ കുട്ടനാട്ടിലാണ് പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചത്. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര ആണ് (65) മരിച്ചത്.

വൈകുന്നേരം അഞ്ചോടെ വീടിനോട് ചേര്‍ന്നുള്ള ശുചിമുറിക്ക് മുന്നില്‍ വച്ച് മൂര്‍ഖന്‍ പാമ്പാണ് വീട്ടമ്മയെ കടിച്ചത്. നാട്ടുകാര്‍ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒമ്പതരയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇന്ദിരയ്ക്ക് ആന്റി വെനം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പാമ്പ് കടിയേറ്റ് തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡിഎംഒമാരുടെ യോഗം വിളിച്ചിരുന്നു. അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് പാമ്പുകടിയേറ്റിട്ടുണ്ടോ എന്നത് കൂടി പരിശോധിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ആശുപത്രികളിലും ആന്റിവെനം സ്റ്റോക് ഉണ്ടെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു

You might also like