ഉക്രെയ്‌നില്‍ ദുരന്ത വിതച്ച് റഷ്യന്‍ ബോംബാക്രമണം: അഭയ കേന്ദ്രം തകര്‍ന്ന് 33 മരണം; അന്‍പതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍

0

കീവ്: തെക്കുകിഴക്കന്‍ ഉക്രെനിലെ ഗ്രാമീണ മേഖലയില്‍ അഭയകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ കെട്ടിടത്തിന് നേരെ റഷ്യ നടത്തിയ രൂക്ഷമായ ബോംബാക്രമണത്തില്‍ 33 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. തകര്‍ന്നുവീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ അന്‍പതോളം പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധക്കെടുതി നേരിടുന്ന പ്രാദേശിക വാസികള്‍ക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ സഹായങ്ങളും എത്തിച്ച് നല്‍കുന്ന പ്രധാന ജീവകാരുണ്യ വിതരണ കേന്ദ്രമായും താല്‍ക്കാലിക സങ്കേതവുമായാണ് ഈ സ്‌കൂള്‍ കെട്ടിടം ഉപയോഗിച്ചുവന്നിരുന്നത്. ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാന്‍ തക്കവണ്ണം യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബേസ്‌മെന്റിലാണ് ആളുകള്‍ അഭയം പ്രാപിച്ചിരുന്നതെന്ന് പ്രാദേശിക ഗവര്‍ണര്‍ മിക്കാലോ സെമിന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ചുരുങ്ങിയത് ഒമ്പതോളം വീര്യമേറിയ ബോംബുകള്‍ ഒന്നിച്ചു പതിച്ചതോടെ ശക്തമായ പ്രഹരത്തില്‍ കെട്ടിടം തകരുകയും പ്രദേശം ഒന്നാകെ തീപിടിത്തത്തില്‍ അമരുകയുമായിരുന്നു.

ദാരുണമായ സംഭവത്തെത്തുടര്‍ന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്തു. നിരപരാധികളായ ജനങ്ങള്‍ തിങ്ങിപ്പാര്‍ത്ത സങ്കേതത്തിന് നേരെ നടന്ന ഈ ആക്രമണം ഈ യുദ്ധത്തിലെ തന്നെ ഏറ്റവും മാരകവും ക്രൂരവുമായ അധ്യായങ്ങളിലൊന്നാണെന്ന് അദേഹം വിശേഷിപ്പിച്ചു. സാധാരണക്കാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഇത്തരത്തിലുള്ള വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഉക്രയ്‌ന് കൂടുതല്‍ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് അദേഹം അന്താരാഷ്ട്ര സമൂഹത്തോടും സഖ്യ രാജ്യങ്ങളോടും ആവശ്യപ്പെട്ടു

You might also like