
യു.എസും ഇറാനും തമ്മില്‍ ചരിത്രപരമായ കരാറിന് ധാരണ; ജനീവയില്‍ ജൂണ്‍ 19 ന് ഒപ്പുവെക്കും
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ മൂന്ന് മാസത്തിലേറെയായി നിലനിന്നിരുന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിന് ധാരണയായി. വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നതാണ് പ്രഖ്യാപനം. ജൂണ്‍ 19 ന് ജനീവയില്‍വെച്ച് ഇരു രാഷ്ട്രങ്ങളും കരാറില്‍ ഔദ്യോഗികമായി ഒപ്പുവെയ്ക്കും.
ലബനന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ മേഖലകളിലെ എല്ലാത്തരം സൈനിക നീക്കങ്ങളും ഉടനടി അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നാവിക ഉപരോധം അമേരിക്ക പിന്‍വലിക്കും. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്ന് കൊടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.
‘ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കുക. എണ്ണ ഒഴുകട്ടെ.’
കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്ക് നികുതിയില്ലാതെ തുറക്കുന്നതിനും നാവിക ഉപരോധം നീക്കുന്നതിനും താന്‍ പൂര്‍ണ അനുമതി നല്‍കിയതായും അദേഹം വ്യക്തമാക്കി
