
പണമിടപാടെല്ലാം നിമിഷങ്ങൾക്കുള്ളിൽ ഫോണിലൂടെ; പുതിയ സൗകര്യം അവതരിപ്പിച്ച് ദുബായ്: ഇന്ത്യൻ സഞ്ചാരികൾക്ക് ഗുണകരം
ദുബായ്: ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ഗൾഫ് സന്ദർശനം കൂടുതൽ എളുപ്പമാക്കുന്ന പുതിയ സൗകര്യം അവതരിപ്പിച്ച് ദുബായ്. ബുർജ് ഖലീഫയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ ഇന്ത്യൻ യുപിഐ ആപ്പുകൾ ഉപയോഗിച്ച് നേരിട്ട് ഇനി ബുക്ക് ചെയ്യാം . യുഎഇയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം നടപ്പിലാക്കിയത്
പുതിയ സംവിധാനം നിലവിൽ വന്നതോടെ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഫോൺ പേ, ഗൂഗിൽ പേ, ഭീം പോലുള്ള യുപിഐ അധിഷ്ഠിത ആപ്പുകൾ വഴി യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നാട്ടിൽ നിന്നുതന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ഇതിലൂടെ അന്താരാഷ്ട്ര കാർഡുകൾ ഉപയോഗിക്കാതെ തന്നെ പണമടയ്ക്കാൻ സാധിക്കും.
ബുർജ് ഖലീഫയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ മാത്രമല്ല ദുബായിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലും യുപിഐ വഴി പണമടയ്ക്കാൻ കഴിയും
