
കനത്ത മഴയും പ്രളയ സാഹചര്യവും: സംസ്ഥാനത്ത് മരണം 20 ആയി; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയിലും തുടര്‍ച്ചയായ വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് വന്‍ നാശനഷ്ടം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 20 ആയി. തിങ്കളാഴ്ച മഴയുടെ തീവ്രതയില്‍ ചെറിയ ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ ഇന്നും വെള്ളക്കെട്ടില്‍ തന്നെയാണ്. കാണാതായ എഴ് പേര്‍ക്കായി വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.
പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് പ്രകൃതി ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ നിന്നെത്തിയ കുത്തിയൊഴുക്കില്‍ പടിഞ്ഞാറന്‍ മേഖലകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മുന്‍പ് വെള്ളമിറങ്ങിയ പത്തനംതിട്ട റാന്നിയില്‍ പമ്പയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വീണ്ടും വീടുകളിലും റോഡുകളിലും വെള്ളം കയറുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു.
മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി മേഖലകളില്‍ ഒന്നിലധികം ഇടങ്ങളില്‍ പുതിയതായി ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്നും ഇതുവരെ പതിമൂവായിരത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു. നിലവില്‍ പ്രവര്‍ത്തിക്കുന്ന 353 ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. പ്രധാന നദികളായ ഭാരതപ്പുഴ, പമ്പ തുടങ്ങിയവയിലെല്ലാം അപകടകരമായ വിധത്തില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്
