സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ്. ശ്രീജിത്തിനെ ഡിജിപിയായി നിയമിച്ചു

0

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുപുറമെ, മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയെ ബെവ്കോ മാനേജിങ് ഡയറക്ടറായും ബല്‍റാം കുമാര്‍ ഉപാധ്യയയെ ഫയര്‍ഫോഴ്സ് മേധാവിയായും നിയമിക്കാന്‍ ധാരണയായി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവുകള്‍ ഉടന്‍ പുറത്തിറങ്ങും.

ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്കാണ് സീനിയോറിറ്റി പരിഗണിച്ച് തസ്തിക നല്‍കുന്നത്. നിതിന്‍ അഗര്‍വാളിന് തൊട്ടടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സുരേഷ് രാജ് പുരോഹിത് നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. തൊട്ടടുത്ത സീനിയറായ എഡിജിപി എം.ആര്‍ അജിത് കുമാറിനായിരുന്നു സ്ഥാനക്കയറ്റത്തിന് മുന്‍ഗണന ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ നവകേരള സദസുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അജിത് കുമാര്‍ സസ്പെന്‍ഷനിലായ പശ്ചാത്തലത്തിലാണ് എസ്. ശ്രീജിത്തിന് വഴി തുറന്നത്.

സ്ഥാനക്കയറ്റത്തോടെ എസ്. ശ്രീജിത്ത് ജയില്‍ ഡിജിപിയായി ചുമതലയേല്‍ക്കും. എം.ആര്‍ അജിത് കുമാര്‍ വഹിച്ച് പോന്ന ബെവ്കോ എംഡി പദവിയിലേക്കാണ് യോഗേഷ് ഗുപ്തയെ വീണ്ടും നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍പും ദീര്‍ഘകാലം ബെവ്കോ എംഡിയായി സേവനമനുഷ്ഠിച്ച് മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് യോഗേഷ് ഗുപ്ത. എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അഭ്യര്‍ഥന കൂടി മാനിച്ചാണ് യോഗേഷ് ഗുപ്തയുടെ പുതിയ നിയമനം

You might also like