
മനുഷ്യ ചാന്ദ്രദൗത്യം ആർട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചു
വാഷിങ്ടണ്‍ ഡിസി: അരനൂറ്റാണ്ടിനു ശേഷമുള്ള മനുഷ്യ ചാന്ദ്രദൗത്യം ആർട്ടെമിസ് 2 വിജയകരമായി വിക്ഷേപിച്ചു.യുഎസിലെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39ബി വിക്ഷേപണത്തറയിൽ നിന്ന് SLS റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. നേരത്തെ നിശ്ചയിച്ചതിലും 11 മിനിറ്റ് വൈകി, ഇന്ത്യൻ സമയം 4:05നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ മൂന്ന് ഇന്ധന ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷം ഓറിയോൺ പേടകം ഇപ്പോൾ ഭൂമിയുടെ ഭ്രമണപഥത്തിലാണ്. അഞ്ചാം ദിവസമാകും ചാന്ദ്രകാന്തിക മണ്ഡലത്തിലേക്ക് പേടകം പ്രവേശിക്കുക.
നാസ നേതൃത്വം നല്‍കുന്ന ദൗത്യത്തില്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സെന്‍ എന്നീ നാല് ബഹിരാകാശ ഗവേഷകരാണ് പങ്കെടുക്കുന്നത്. ഇവരില്‍ ജെറമി ഹാന്‍സെന്‍ ഒഴികെയുള്ള മൂന്നുപേരും നാസയുടെ ഗവേഷകരാണ്. ജെറമി ഹാന്‍സെന്‍ കനേഡിയന്‍ സ്‌പേസ് ഏജന്‍സിയുടെ ഗവേഷകനാണ്.
