
പശ്ചിമേഷ്യയില്‍ അമേരിക്ക പുതിയ യുദ്ധ തന്ത്രങ്ങള്‍ തയാറാക്കുന്നു
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ അമേരിക്ക പുതിയ യുദ്ധ തന്ത്രങ്ങള്‍ തയാറാക്കുന്നു. നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടാല്‍ ഹോര്‍മുസ് കടലിടുക്ക്, ദക്ഷിണ അറേബ്യന്‍ ഉള്‍ക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് യുഎസ് നീക്കമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസ് നിയന്ത്രിക്കാന്‍ ഇറാന്‍ ഉപയോഗിക്കുന്ന അതിവേഗ ആക്രമണ ബോട്ടുകള്‍, മൈനുകള്‍ വിന്യസിക്കുന്ന കപ്പലുകള്‍ തുടങ്ങിയവയും അമേരിക്കയുടെ ആക്രമണ ലക്ഷ്യങ്ങളാണ്. ഹോര്‍മുസില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്ന ബോട്ടുകള്‍ തകര്‍ക്കാന്‍ യുഎസ് നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയതായി കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
പുതിയ ആക്രമണ പദ്ധതി മുന്നില്‍ക്കണ്ട് അമേരിക്കയുടെ യു.എസ്.എസ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് വിമാനവാഹിനി കപ്പലും അതിനെ അനുഗമിക്കുന്ന യുദ്ധക്കപ്പലുകളും ഇറാന്‍ തീരത്തിന് സമീപം എത്തിയിട്ടുണ്ട്.
ഇത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ നിയന്ത്രണ പരിധിയില്‍ വ്യാഴാഴ്ച എത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിക്കുകയും ചെയ്തു. യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡ്, യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ എന്നീ വിമാനവാഹിനി കപ്പലുകള്‍ നിലവില്‍ പശ്ചിമേഷ്യയിലുണ്ട്
