ഒമാൻ: ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി. ഇന്ത്യയിലേക്കുള്ള യാത്രകൾ സുഗമമാക്കാൻ യാത്രക്ക് ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്ന് എംബസി നിർദേശം നൽകി.
വിസയുടെ കാലാവധി കഴിഞ്ഞാൽ വലിയ തുക പിഴ ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. നിലവിൽ ഇന്ത്യയിലേക്ക് ടൂറിസ്റ്റ്, മെഡിക്കൽ, സ്റ്റുഡൻറ്‌സ് വിസകൾ ഒമാനികൾക്കായി അനുവദിക്കുന്നുണ്ട്. ഒരോ വിസയുടെയും കാലാവധിയും അത് അനുവദിക്കുമ്പോൾ തന്നെ പിന്നീട് മാറ്റാൻ കഴിയാത്ത രീതിയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതിനാൽ യാത്രാ ഉദ്ദേശ്യത്തിനനുസരിച്ചുള്ള വിസ തെരഞ്ഞെടുക്കാനും കാലാവധി കഴിയുന്നതിനു മുമ്പ് രാജ്യം വിടാനുമുള്ള ഒരുക്കങ്ങളും നടത്തണം.
കാലാവധി കഴിഞ്ഞാൽ രാജ്യം വിടാൻ കഴിയില്ല. അല്ലെങ്കിൽ വിസ കാലാവധിക്കുശേഷം എക്‌സിറ്റ് വിസ നിലനിൽക്കുന്നുണ്ടെങ്കിൽ മാത്രമേ രാജ്യം വിടാൻ കഴിയുള്ളൂ. ഇതിനായി 100 ഒമാൻ റിയാലിലധികം ചിലവു വരുമെന്നും അതിനുള്ള പ്രൊസസിങ്ങിനായി ചുരുങ്ങിയത് മൂന്ന് പ്രവർത്തി ദിവസങ്ങളെടുക്കുകയും ചെയ്യും. ഇന്ത്യയിലെ നിയമങ്ങൾ കർശനമാണെന്നും അതിനാൽ ഇന്ത്യയിലേക്ക് പുറപ്പെടാനാഗ്രഹിക്കുന്ന പൗരന്മാർ നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും എംബസി വ്യക്തമാക്കി.