സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്; ട്രെയിനുകൾ വൈകുന്നു
കോട്ടയം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. ട്രാക്കുകളിൽ മരം വീണതിനാൽ ട്രെയിനുകൾ വൈകിയോടുകയാണ്. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് വൈകിയത്. ഓച്ചിറയ്ക്കടുത്ത് ട്രാക്കിൽ മരം വീണതോടെ എറണാകുളത്തേക്കുള്ള പാലരുവി എക്‌സ്പ്രസ് പിടിച്ചിട്ടിരുന്നത്. തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം – ആലപ്പുഴ ട്രെയിൻ ഹരിപ്പാട് പിടിച്ചിട്ടിരുന്നു. നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് കൊല്ലം ജംക്‌ഷനിലും പിടിച്ചിട്ടിട്ടുണ്ട്. അതേസമയം , അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.