വേനലവധി അവസാനിക്കാനിരിക്കെ, ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി വിമാന കമ്പനികൾ

0

ദുബൈ: വേനലവധി അവസാനിക്കാനിരിക്കെ, ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി വിമാന കമ്പനികൾ. മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ് നിരക്ക് ഉയർത്തിയത്. പ്രവാസി കുടുംബങ്ങളെ ശരിക്കും വലയ്ക്കുന്നതാണ് നിരക്കുവർധന.

വേനലവധിയെ തുടർന്ന് ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികളിൽ നല്ലൊരു പങ്കും വൻ തുക നൽകി വിമാന ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ്. സാധാരണക്കാരാണ് ഇതിന്റെ ഏറ്റവും വലിയ ഇരകൾ. നാലംഗ പ്രവാസി കുടുംബത്തിന് നിലവിൽ ഗൾഫിലേക്ക് മടങ്ങിയെത്താൻ ഒന്നര ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ മുടക്കേണ്ടുന്ന സ്ഥിതിയാണുള്ളത്.

കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക് 30,000 മുതൽ 98,000 വരെയാണ്. കോഴിക്കോടു നിന്ന് ദുബൈയിലേക്കും അബൂദബിയിലേക്കും നിരക്കിൽ വലിയ വർധനയാണുള്ളത്. മിനിമം 30,000 മുതൽ ഒരു ലക്ഷം വരെ നിരക്കുവർധനയുണ്ടെന്ന് ട്രാവൽ കേന്ദ്രങ്ങൾ അറിയിച്ചു. ബജറ്റ് എയർലൈൻസുകളും സീസൺ മുതലെടുത്ത് വലിയ കൊള്ളയാണ് നടത്തുന്നത്.

പാർലമെൻറിൽ പ്രവാസി വിമാന യാത്രാ ദുരിതം സമഗ്ര ചർച്ചയായിട്ടും കേന്ദ്ര സർക്കാർ ഭാഗത്തു നിന്ന് യാതൊരു അനക്കവും ഉണ്ടായില്ല. ഡിമാൻഡ് കൂടുന്നതിനനുസരിച്ച് കമ്പനികൾ തോന്നിയ പോലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുകയാണ്. വിദേശ വിമാന കമ്പനികൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കാത്ത കേന്ദ്രനിലപാടും പ്രവാസികൾക്ക് തിരിച്ചടിയാണ്.

You might also like