ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തിരിച്ചടിച്ച് ലെബനന്‍

0

ഗാസ: ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തിരിച്ചടിച്ച് ലെബനന്‍. ലെബനിലെ സായുധ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. 100 ഓളം ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം. എന്നാല്‍ 320 കത്യുഷ റോക്കറ്റുകള്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ തൊടുത്തു വിട്ട് ലെബനന്‍ തിരിച്ചടിക്കുകയായിരുന്നു. തിരിച്ചടിയുടെ ആദ്യഘട്ടം വിജയകരമായമെന്ന് ഹിസ്ബുള്ള അറിയിച്ചു.

മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹിസ്ബുള്ള തങ്ങളുടെ സൈനിക കമാന്‍ഡര്‍ ഫുആദ് ഷുക്കറിന്റെ കൊലപാതകത്തിനുള്ള മറുപടിയാണ് ഇതെന്നും പറഞ്ഞു. കഴിഞ്ഞ മാസം 30നായിരുന്നു ഫുആദ് ഷുക്കറിനെ ഇസ്രയേല്‍ വധിക്കുന്നത്. പിന്നാലെ ഇതിന് പ്രതികരിക്കുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്‌ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.

അതേസമയം അക്രമത്തിന് പിന്നാലെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് അടുത്ത 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു. വടക്കന്‍ ഇസ്രയേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നുണ്ടെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിസ്ബുള്ളയുടെ റോക്കറ്റുകള്‍ കാരണം ഇസ്രയേലിന്റെ ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ന്നെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേല്‍ പ്രദേശത്തേക്ക് ഹിസ്ബുള്ള മിസൈല്‍, റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുമെന്നുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പറഞ്ഞു. നാല്‍പ്പതോളം മിസൈലുകളാണ് ഇസ്രയേല്‍ ലെബനനിലേക്ക് വിക്ഷേപിച്ചത്.

ഇസ്രേയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടല്‍ വര്‍ധിച്ച സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ സമിതി വക്താവ് സീന്‍ സാവെറ്റ് അറിയിച്ചു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ തങ്ങള്‍ പിന്തുണക്കുമെന്നും സീന്‍ സാവെറ്റ് കൂട്ടിച്ചേര്‍ത്തു.

You might also like