100 ലേറെ മിസൈലുകള്‍ തൊടുത്ത് റഷ്യ, യുക്രെയ്ൻ ഇരുട്ടിലായി

0

യുക്രെയ്ന്റെ തലസ്ഥാനമായ കിയവിലെ വൈദ്യുതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ കനത്ത ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേർ കൊല്ലപ്പെട്ടു.

അഞ്ചിലേറെ പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ച തുടങ്ങിയ ആക്രമണം രാവിലെ വരെ തുടർന്നു. റഷ്യയുടെ കുർസ്കില്‍ മുന്നേറുന്ന യുക്രെയ്ൻ ആഴ്ചകള്‍ക്കിടെ നേരിടുന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണിത്. കിഴക്ക്, വടക്ക്, തെക്ക്, മധ്യ മേഖലകളെ ലക്ഷ്യമിട്ട് ഡ്രോണുകള്‍ പറത്തിയതിന് പിന്നാലെ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും റഷ്യ വിക്ഷേപിച്ചെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു.

കിയവില്‍ ആക്രമണത്തിന്റെ ഫലമായി വൈദ്യുതി, ജല വിതരണം താറുമാറായതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. വൈദ്യുതി വിതരണം നിലച്ചതോടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ ചാർജ് ചെയ്യാനും ജനങ്ങള്‍ക്ക് വിശ്രമിക്കാനും പ്രത്യേക ഷെല്‍ട്ടറുകള്‍ തുടങ്ങുമെന്ന് കിയവ് ഭരണകൂടം പ്രഖ്യാപിച്ചു. വൈദ്യുതി വിതരണം നിർത്തിവെച്ചതായും ഉടൻ പുനഃസ്ഥാപിക്കുമെന്നും യുക്രെയ്നിലെ സ്വകാര്യ ഊർജ കമ്ബനിയായ ഡി.ടി.ഇ.കെ അറിയിച്ചു.

റഷ്യയുടെ 100 ലേറെ മിസൈലുകളും 100 ലേറെ ഡ്രോണുകളും യുക്രെയ്നില്‍ പതിച്ചതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. റഷ്യയുടെ ആക്രമണം തടയാൻ അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍രാജ്യമായ പോളണ്ടിന്റെ കിഴക്കൻ മേഖലയിലുള്ള പോളണ്ടിന്റെയും നാറ്റോയുടെയും വ്യോമ പ്രതിരോധ സേനകള്‍ ജാഗ്രത പുലർത്തുന്നുണ്ട്. അതേസമയം, യുക്രെയ്ൻ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയുടെ മധ്യമേഖലയായ സരതോവില്‍ അഞ്ചുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ 30 യുക്രെയ്ൻ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

You might also like