യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്‌കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ

0

മൊണാക്കോ: യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്‌കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് യുവേഫ. പോർച്ചുഗീസ് താരത്തിന്റെ ശ്രദ്ധേയ നേട്ടങ്ങൾ പരിഗണിച്ചാണ് ആദരം. യുവേഫ ചാമ്പ്യൻസ് ലീഗ് പുതിയ പതിപ്പിലേക്കുള്ള നറുക്കെടുപ്പ് വേദിയിൽ വെച്ച് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിനാണ് അവാർഡ് സമ്മാനിച്ചത്.

കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകൾക്കായി 183 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലാണ് താരം ബൂട്ടുകെട്ടിയത്. 140 ഗോളുകളും സ്‌കോർ ചെയ്തു. മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾനേടുന്ന ആദ്യ താരമെന്ന നേട്ടവും റോണോയുടെ പേരിലാണ്. തുടർച്ചയായ 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ സ്‌കോർ ചെയ്യുകയുമുണ്ടായി. റയലിനിനൊപ്പവും യുണൈറ്റഡിനൊപ്പവുമായി കരിയറിൽ അഞ്ചു തവണയാണ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. 2008ൽ യുണൈറ്റഡിനൊപ്പമാണ് ആദ്യ ട്രോഫി നേടിയത്. പിന്നീട് 2014,16,17,18 വർഷങ്ങളിലും യൂറോപ്പിലെ പ്രസ്റ്റീജ്യസ് കിരീടത്തിൽ മുത്തമിട്ടു. ചടങ്ങിൽ ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ജിയാൻലുജി ബുഫണിനെയും ആദരിച്ചു.

You might also like