തെക്കൻ റഷ്യയിലെ റസ്തൊവിൽ എണ്ണ ശേഖരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുക്രെയ്ന്റെ ഡ്രോൺ ആക്രമണം.
മോസ്കോ ∙ തെക്കൻ റഷ്യയിലെ റസ്തൊവിൽ എണ്ണ ശേഖരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. റസ്തൊവിലെ കമെൻസ്കിയിലുള്ള ഡിപ്പോയിലാണു തീ പടർന്നത്. ഇവിടെനിന്ന് 1500 കിലോമീറ്റർ അകലെ കിറോവിലും ആക്രമണം നടന്നു. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള പ്രദേശമാണിത്. അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയതായി കൊനാകൊവിസ്കി ജില്ല മേയർ ഇഗോർ റുദെന്യ അറിയിച്ചു. എന്നാല്‍, വിശദാംശങ്ങള്‍ നല്‍കാൻ അദ്ദേഹം തയാറായില്ല.
മോസ്കോയും പരിസര പ്രദേശങ്ങളും ലക്ഷ്യമിട്ട് 11 ഡ്രോണുകള്‍ യുക്രെയ്ൻ പറത്തിയതായി മേയർ സെർജി സൊബ്യാനിൻ പറഞ്ഞു. ശനിയാഴ്ച രാത്രി 158 യുക്രെയ്ൻ ഡ്രോണുകളാണ് റഷ്യൻ പ്രതിരോധ സേന തകർത്തത്. റഷ്യയുടെ 15 മേഖലകളിലേക്കാണ് ഡ്രോണുകള്‍ എത്തിയത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ആദ്യമായി ഈയടുത്ത് യുക്രെയ്ൻ പിടിച്ചെടുത്ത കുർസ്ക് മേഖലയില്‍ 46 ഡ്രോണുകളാണ് നശിപ്പിച്ചത്.
34 ഡ്രോണുകള്‍ ബ്രയാൻസ്ക് മേഖലയിലും 28 എണ്ണം വൊറോനെഷ് മേഖലയിലും 14 എണ്ണം ബെല്‍ഗൊറോഡ് മേഖലയിലും വെടിവെച്ചിട്ടു. മോസ്‌കോയുടെ വടക്കുപടിഞ്ഞാറുള്ള ത്വെർ മേഖലയിലും വടക്കുകിഴക്കുള്ള ഇവാനോവോ മേഖലയിലും ഡ്രോണുകള്‍ തടഞ്ഞെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തിയില്‍ മാത്രം ഒതുങ്ങിയിരുന്ന ആക്രമണം റഷ്യയുടെ ഹൃദയ ഭാഗങ്ങളിലേക്ക് യുക്രെയ്ൻ വ്യാപിച്ചിരിക്കുന്നെന്നാണ് പുതിയ സംഭവങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ 18ന് ഉണ്ടായ യുക്രെയ്‍ൻ ഡ്രോൺ ആക്രമണത്തിൽ റസ്തൊവിലെ പ്രൊലെറ്റാർസ്കിലുള്ള എണ്ണ ശേഖരണ കേന്ദ്രത്തിനു തീപിടിച്ചത് ഇപ്പോഴും അണയ്ക്കാനായിട്ടില്ല.