തൊഴിലാളികൾക്കുള്ള താമസകേന്ദ്രങ്ങളിൽ കണ്ടെത്തിയത് 352 നിയമലംഘനങ്ങൾ; പിഴ ചുമത്തി ഭരണകൂടം
ദുബായ്: യു.എ.ഇയിലെ തൊഴിലാളികൾക്കുള്ള താമസകേന്ദ്രങ്ങളിൽ തൊഴിൽമന്ത്രാലയത്തിന്റെ സുരക്ഷാ പരിശോധന. മൂന്നാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ 352 നിയമലംഘനങ്ങൾ കണ്ടെത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് തൊഴിൽമന്ത്രാലയം പിഴ ചുമത്തി.
യുഎഇയിലെ ലേബർ ക്യാംപുകളിൽ ഏകദേശം 15 ലക്ഷം തൊഴിലാളികൾ താമസിക്കുന്നതായാണ് തൊഴിൽമന്ത്രാലയത്തിന്റെ കണക്ക്. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ലേബർ അക്കമഡേഷൻ സിസ്റ്റത്തിൽ 1,800-ലേറെ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവിടങ്ങളിൽ മേയ് 20 മുതൽ ജൂൺ 7 വരെ നടത്തിയ പരിശോധനയിലാണ് 352 നിയമലംഘനങ്ങൾ കണ്ടെത്തിയത്. എയർ കണ്ടീഷന്റെയും വെന്റിലേഷന്റെയും അപര്യാപ്തത, തീപ്പിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കുന്നതിലെ വീഴ്ച, ശുചിത്വമില്ലായ്മ എന്നിവ മന്ത്രാലയം കണ്ടെത്തി. പരിശോധനയെ തുടർന്ന് നിയമം പാലിക്കാത്ത ചില കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയും മറ്റുള്ളവയ്‌ക്ക് പിഴ ചുമത്തുകയും ചെയ്തു.
ചിലർക്ക് അവരുടെ താമസസൗകര്യം ശരിയാക്കാൻ ഒരു മാസം വരെ അനുവദിച്ചതായും അധികൃതർ അറിയിച്ചു. ഒരു തൊഴിലാളിക്ക് ചുരുങ്ങിയത് മൂന്ന് ചതുരശ്ര മീറ്റർ സ്ഥലം ലേബർക്യാമ്പിൽ അനുവദിച്ചിരിക്കണം. ശുചീകരണം, തണുത്ത വെള്ളം, ബെഡ്റൂമുകൾ, വാഷ്റൂം ഉപകരണങ്ങൾ എന്നിവ നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.